മലയാളിയുടെ ആനപ്രേമം ‘ചിറയ്ക്കൽ കാളിദാസൻ’ എന്ന ഹിമാവാനിലൂടെ നമുക്ക് മുന്നിലെത്തിച്ച ‘ഗജം’ എന്ന ഗാനം ദേശാന്തരങ്ങൾ കടന്ന് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്.ഗജരാജ പ്രൗഢി വിളിച്ചോതുന്ന ‘ഇന്ദ്രപാല പാദ ശീർഷമോ’ എന്ന് തുടങ്ങുന്ന ഗാനമൊരുക്കിയ ‘പ്രശാന്ത് മോഹനൻ’ എന്ന സംഗീത സംവിധായകൻ ഈ ആവേശങ്ങളൊക്കെ മാറി നിന്ന് കണ്ടാസ്വദിക്കുകയാണ്.കേൾക്കാം പ്രശാന്ത് മോഹനന്റെ വാക്കുകൾ.
ചോ : ഓരോ വിജയത്തിനും പറയാൻ ഓരോ കഥയുണ്ടാകും.’ഗജം’ എന്ന വിജയകഥയിലേയ്ക്ക് പ്രശാന്ത്
മോഹനന്റെ പേര് എഴുതിച്ചേർക്കപ്പെട്ടത് എങ്ങനെയാണ് ?
ഉത്ത : അതിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ നൽകുന്നത് എൻറെ സുഹൃത്തും ഗജത്തിന്റെ നിർമാണ
പങ്കാളിയുമായ ‘ജിനോദ് കുമാർ പിള്ളൈ’ക്കാണ്. ജിനോദ് ഒരു കടുത്ത ആനപ്രേമിയാണ്.ജിനോദിനെ
ചിലർ ഇത്തരം ഒരാശയവുമായി സമീപിക്കുകയും ജിനോദ് സംഗീത സംവിധായകനായി എന്നെ
നിർദ്ദേശിക്കുകയുമായിരുന്നു.
ചോ : വിദേശത്ത് താമസിക്കുന്ന വിദേശ സംഗീത പശ്ചാത്തലം കൂടുതൽ ആസ്വദിക്കുന്ന ഒരാൾ ‘ഗജത്തി’ലേയ്ക്ക്
എത്തണമെങ്കിൽ അതിലൊരു ‘Exciting Factor’ ഉണ്ടാകണമല്ലോ ? എന്തായിരുന്നു അത് ?
ഉത്ത : ‘ആന’ എന്നത് തന്നെയായിരുന്നു ആ ‘Exciting factor’. പ്രണയ ഗാനങ്ങൾ ചിട്ടപ്പെടുത്താനായിട്ടാണ്
ഏറ്റവുമധികം പേർ സമീപിക്കാറ് . അതിനിടയിലാണ് ‘ആന’യെന്ന ആശയം മുന്നിലേയ്ക്ക്
വരുന്നത്.ഒരുപാട് ആനപ്പാട്ടുകൾ നമ്മൾ സിനിമകളിൽ കേട്ടിട്ടുണ്ട്.പക്ഷേ അവയിൽ കൂടുതലും ആനയെന്ന
‘രസകരമായ’ ജീവിയെപറ്റിയുള്ള തമാശപ്പാട്ടുകൾ ആയിരുന്നു .പക്ഷേ ഞങ്ങൾ ഇവിടെ ചിത്രീകരിയ്ക്കാൻ
ഉദ്ദേശിച്ചത് ആനയെന്ന ‘മാസ്സ് ഹീറോയുടെ’ ‘തലയെടുപ്പി’നെ എടുത്തു കാണിക്കുക എന്നതായിരുന്നു.
ചോ : എന്തൊക്കെ കാര്യങ്ങളായിരുന്നു ‘ചിറയ്ക്കൽ കാളിദാസൻ’ എന്ന മാസ്സ് ഹീറോയെ സംഗീതത്തിലൂടെ ചിത്രീകരിക്കുമ്പോൾ ശ്രദ്ധിച്ചത് ?
ഉത്ത : ആദ്യമേ പറഞ്ഞ പോലെ ‘തലയെടുപ്പ്’ തന്നെയായിരുന്നു ‘ഹൈലൈറ്റ്’ ചെയ്യാനുദ്ദേശിച്ച വിഷയം.അതിന്
വേണ്ടി വരികളിൽ കൃത്യമായ ശ്രദ്ധ പുലർത്താൻ ശ്രമിച്ചിട്ടുണ്ട്.അധികം പരിചിതമല്ലാത്ത വാക്കുകൾ
കൂടുതലായി ഉപയോഗിക്കണമെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു.വരികളെഴുതിയ ‘ഡെന്നീസ് ജോസഫും’
ഞാനും തമ്മിലുള്ള മുൻപരിചയവും ആശയങ്ങൾ Communicate ചെയ്യുന്നതിലുള്ള കഴിവും ഞങ്ങൾ
ഇരുകൂട്ടരെയും സഹായിച്ചിട്ടുണ്ട്.ഞാൻ സംഗീതം നല്കുന്നതിനനുസരിച്ച് ഡെന്നീസ്
വരികളെഴുതിക്കൊണ്ടിരുന്നു.അങ്ങനെയാണ് ‘ഇന്ദ്രപാല പാദ ശീർഷമോ’ ജനിച്ചത്. ‘വിധു പ്രതാപും’
,’വിജയ് യേശുദാസും’ പാടാൻ കൂടി തയ്യാറായതോടെ ഗജത്തിന് പൂർണത സംഭവിച്ചു എന്ന് പറയാം.
ചോ : എന്തുകൊണ്ടാണ് ചിറയ്ക്കൽ കാളിദാസനെ തന്നെ തെരഞ്ഞെടുത്തത് ? ‘ബാഹുബലി’ എന്ന ചിത്രത്തിലെ
പേരുപയോഗിച്ച് മാർക്കറ്റിങ് കൂടുതൽ എളുപ്പമാക്കാം എന്ന് കരുതിയാണോ?
ഉത്ത : ഇവിടെയാണ് പ്രധാനമായും ഒരു കാര്യം ശ്രദ്ധിക്കേണ്ടത്.സത്യത്തിൽ ‘ഗജം’ എന്ന ഞങ്ങളുടെ പ്രോജക്റ്റ്
ആരംഭിയ്ക്കുന്നത് രണ്ടര വർഷങ്ങൾക്ക് മുൻപാണ്.സംഗീതമടക്കമുള്ള മേഖലകളുടെ പ്രവർത്തനം അന്ന്
തന്നെ തുടങ്ങിയിരുന്നു.’ചിറയ്ക്കൽ മധു’ എന്ന കാളിദാസന്റെ ഉടമ കാളിദാസനെ വിട്ടു തരാൻ
തയ്യാറായതോടു കൂടി കാളിദാസൻ തന്നെ കേന്ദ്ര കഥാപാത്രമായി തീരുമാനിയ്ക്കപ്പെടുകയായിരുന്നു.
അന്ന് കാളിദാസൻ ബാഹുബലിയുടെ ഭാഗമായിട്ടില്ല.ബാഹുബലിയുടെ ആദ്യ
ഭാഗം പോലും ആ സമയത്ത് ഇറങ്ങിയതേയുണ്ടായിരുന്നുള്ളു.കാളിദാസൻ പിന്നീടാണ് ബാഹുബലിയുടെ
അവസാന ഭാഗത്തിൽ പങ്കെടുത്തത്.ഞങ്ങളുടെ പ്രോജക്റ്റ് പുറത്തിറങ്ങാൻ അൽപ്പം വൈകിയതിനാൽ
ബാഹുബലിയുടെ പേരിൽ കാളിദാസൻ അറിയപ്പെടാൻ തുടങ്ങി എന്ന് മാത്രം.
ചോ : ‘ഗജം’ സംവിധാനം ചെയ്യാൻ ‘ശിവപ്രസാദ്’ എന്ന വ്യക്തിയെത്തുന്നതെങ്ങനെയാണ് ?
ഉത്ത : ‘ഗജ’ത്തിന്റെ സംഗീത മേഖലയിലെ പ്രവർത്തനങ്ങൾ പുരോഗമിക്കവെയാണ് സംവിധായകനായി ആരെ
തെരഞ്ഞെടുക്കാം എന്ന ചോദ്യം വന്നത് .അപ്പോഴാണ് ഞങ്ങളുടെ തന്നെ ഒരുപാട് ശ്രദ്ധിക്കപ്പെട്ട
‘റെയിൻബോ’ സീരീസിലെ നാലാമത്തെ ഗാനം ചെയ്ത ശിവപ്രസാദിന്റെ പേര് ഉയർന്നു
വന്നത്.ആനപ്രേമി കൂടിയായ ശിവപ്രസാദ് ഉടൻ തന്നെ സമ്മതിക്കുകയും സ്ക്രിപ്റ്റിന്റെ പണികൾ
ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
ചോ : മലയാളിയുടെ ആനപ്രേമത്തിനെ കൂട്ട് പിടിച്ച് നിരവധി മലയാള സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്.
അത്തരം വിജയകഥകളുടെ ചുവട് പിടിച്ച് ‘ഗജം’ ബിഗ് സ്ക്രീനിലേക്ക് എത്താനുള്ള സാധ്യതകൾ
എത്രത്തോളമുണ്ട് ?
ഉത്ത : സിനിമ എന്നത് ഒരുപാട് പണം മുതൽ മുടക്കേണ്ട ഒരു പ്രസ്ഥാനം കൂടിയാണല്ലോ.അറിയില്ല.പണം
മുടക്കാൻ തയ്യാറായി ഒരു നിർമാതാവ് വന്നാൽ ചിലപ്പോൾ സംഭവിച്ചേയ്ക്കാം.ഈ ഘട്ടത്തിൽ
എന്തായാലും അത്തരം തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല എന്നത് മാത്രം പറയാം.
ചോ : ജനങ്ങൾ ഏറ്റെടുത്ത് വൈറലാക്കികൊണ്ടിരിക്കുന്ന ഈ ഒരു ഘട്ടത്തിൽ ‘ഗജത്തെ’പറ്റി എന്താണ് സംഗീത
സംവിധായകന് പറയാനുള്ളത് ?
ഉത്ത : ആനകളും ഉത്സവങ്ങളും മലയാളികളെ സംബന്ധിച്ച് ഒരു വികാരമാണ്.തമിഴ്‌നാട്ടിലെ ‘ജെല്ലിക്കെട്ട്’
പോലെ ഒരു വികാരം.അതൊന്നും ആർക്കും തടയാൻ സാധിയ്ക്കുമെന്ന് തോന്നുന്നില്ല.
‘ഗജം’ എന്നത് ചിറയ്ക്കൽ കാളിദാസൻ എന്ന ആനയെപ്പറ്റി മാത്രമുള്ള ഗാനമല്ല.തീർച്ചയായും
കാളിദാസൻ തന്നെയാണ് ഇവിടെ ഹീറോ.പക്ഷേ ‘ഗജം’ ലോകത്തുള്ള എല്ലാ ആനകളെയും പറ്റിയുള്ള
ഗാനമാണ്.കാളിദാസന്റെ ആരാധകരെ മാത്രമല്ല ലോകം മുഴുവനുമുള്ള ആനപ്രേമികളെ ഉദ്ദേശിച്ചാണ്
ഇത്തരം ഒരു ഗാനം പുറത്തിറക്കിയിരിക്കുന്നത്.അതുകൊണ്ട് തന്നെ എല്ലാവരും ഈ ഗാനം
കേൾക്കുക.ഞങ്ങളെ പിന്തുണയ്ക്കുക.
ചോ : ഗജത്തെ ലോകം മുഴുവൻ പടർത്തി വിട്ട ശേഷം സംഗീത സംവിധായകൻ വിശ്രമത്തിലാണോ? എന്താണ്
പുതിയ പ്രോജക്റ്റുകൾ ?
ഉത്ത : സംഗീതം മാത്രം മനസിലുള്ള ഒരാൾക്ക് അങ്ങനെ വെറുതെ വിശ്രമിച്ച് കളയാൻ സമയമുണ്ടാകില്ലല്ലോ.
ഞങ്ങളുടെ ടീമിന്റെ തന്നെ പ്രശസ്തമായ ‘റെയിൻബോ’ സീരീസിലെ ആറാമത്തെ ഗാനത്തിന്റെ അവസാന
ഘട്ട പണിപ്പുരയിലാണ്. ഒരു സിനിമയടക്കം കുറച്ച് പ്രോജക്റ്റുകൾ ചർച്ചയിലാണ്.പുറത്തു വിടേണ്ട
ഘട്ടമെത്തുമ്പോൾ തീർച്ചയായും അറിയിക്കുന്നതാണ്.